Saturday, 28 December 2013

നമ്മൾ..

ഈ വിഷയം സായാഹ്ന്ന ചിന്തകളിൽ വരാൻ പാടുള്ളതാണോ? അറിയില്ല. എന്നാലും പറയാതിരിക്കാൻ വയ്യ. ഒരു സായാഹ്ന്ന ചാനൽ ചർച്ചയാണ് ഈ കുറിപ്പിനാധാരം. ആം ആദ്മി പാർട്ടി ദില്ലി ഭരിക്കുന്നതിനെ പറ്റി. കോണ്‍ഗ്രസ്‌ നേതാവ് പറയുന്നു.

"വാഗ്ദാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ പ്രയാസം ആകും. കാരണം ഇവിടെ നിലവിലുള്ള നിയമങ്ങളും, ഉദ്യോഗസ്ധമേധാവിത്വവും അതിനു അനുകൂലമല്ല. ജനങ്ങൾ എല്ലാം വളരെ പെട്ടെന്ന് നടക്കണം എന്ന് ആഗ്രഹിക്കും. അത് ഈ സംവിധാനത്തിൽ നടക്കില്ല."

ഒരു നിസ്സഹായന്റെ ചോദ്യം - സുഹൃത്തേ, ഇന്ത്യ ജനിച്ചപ്പോൾ മുതൽ ഭരിക്കുന്നത്‌ നിങ്ങൾ ആയിരുന്നു, ചുരുങ്ങിയ കാലം ഒഴിച്ചാൽ. അപ്പോൾ ഇന്ത്യയെ അങ്ങനെ തന്നെ ഭരിക്കാനായിരുന്നോ നിങ്ങൾ ആഗ്രഹിച്ചത്‌? അതോ നിങ്ങളാൽ മാറ്റാൻ കഴിയാത്തതാണോ? നിങ്ങൾ വഞ്ചിക്കുകയായിരുന്നില്ലെ? നിങ്ങൾ സമ്മതിക്കുന്നു, ആ ചാനൽ ചർച്ചയിലൂടെ. അല്ലെങ്കിൽ ആരെങ്കിലും അത് മാറ്റാൻ ശ്രമിച്ചാൽ:

1. നമ്മുക്ക് ചുരുങ്ങിയത് എതിർക്കാതിരിക്കാം - ആത്മാർധത ഉണ്ടെങ്കിൽ.

2. പരാജയപ്പെടുന്നു എങ്കിൽ കൂട്ടായി പോംവഴി തേടാം - ഇന്ത്യയെ സ്നേഹിക്കുന്നു എങ്കിൽ.

3. അല്ലെങ്കിൽ കുറഞ്ഞത്‌, ജനങ്ങൾ ഇങ്ങനെ ഒന്നും ആഗ്രഹിക്കാൻ പാടില്ല എന്ന് പറയാതിരിക്കാം - പൊതു   ചർച്ചയിൽ .

ജനങ്ങൾ ആഗ്രഹിക്കുന്നു. പോരായ്മകൾ ഉണ്ടാകാം. ജനാധിപത്യം, ജനപ്രധിനിതി എന്ന നിലയിൽ ഏറ്റവും കുറഞ്ഞത്‌ ജനങ്ങളാണ് പറയുന്നത് എന്ന തിരിച്ചറിവെങ്കിലും ഉണ്ടാകണം എന്നത് നിങ്ങളുടെ ബോധത്തിലുണ്ടോ ?

ഞങ്ങൾ ഇത് കേൾക്കുന്നു.. ഓർത്താൽ നന്ന്..

Friday, 27 December 2013

ഞാൻ..

കാഴ്ച്ചക്കാരൻ മാത്രം..


ഞാൻ ഇന്നലെ ഒരാളെ പരിചയപ്പെട്ടു. എഴുപതിനടുത്തു പ്രായം. അക്കാലത്തെ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആണ്. നല്ല ജോലി ഉണ്ടായിരുന്നു. അത് വേണ്ടെന്നു വച്ച് ബിസിനസ്‌ ആരംഭിച്ചു. നിറയെ ജോലിക്കാർ. ബിസിനസ്‌ നന്നായി വളർന്നു.

അപ്രതീക്ഷിതിമായി അപകടത്തിൽ പെട്ട് ചലനശേഷി നശിച്ചു. ബിസിനസ്‌ ക്ഷയിച്ചു. ഞാൻ കാണുമ്പോൾ ഒരു ഫ്ലാറ്റിൽ ഒറ്റപ്പെട്ടു ചിതറിയ വീട്ടുസാധനങ്ങളുടെയും പുസ്തകങ്ങളുടെയും പഴയ ഫയലുകളുടെയും ഇടയിൽ, ബിസിനെസ്സിന്റെ തകർച്ചകൾ സമ്മാനിച്ച കേസ് ഫയലുകളുമായി ഇരിക്കുന്നു. കുടുംബം എവിടെ എങ്ങനെ എന്നറിയില്ല.

എല്ലാം എന്റെ പ്ലാനുകൾക്ക് അനുസരിച്ച്, ഞാൻ ചെയുന്നത് ആണു എന്നു ധരിക്കുന്നത് എത്ര തെറ്റ്. ഞാൻ ഒന്നും ചെയ്യുന്നില്ല. എനിക്ക് ഒന്നും ചെയ്യാനും കഴിയുകയില്ല.

മേലുദാഹരണം അതല്ലെ കാണിക്കുന്നത്. എനിക്കു ചെയ്യാൻ കഴിയുന്നത്‌ ഞാൻ മാറുക എന്നതു മാത്രം ആണ്. അല്ലെങ്കിൽ, എന്റെ നിയതികളിൽ ഞാൻ ഒന്നും അല്ലാത്ത സ്ഥിതിക്ക് ഞാനെന്ന ഭാവം മറക്കാം.   

Wednesday, 25 December 2013

എന്ത്? എന്തിന്? (ഒരു ആമുഖം)

വെറുതെ എന്തിനു കൂടുതൽ ചിന്തിക്കണം? ചിന്തിച്ചാൽ പ്രയോജനം ഉണ്ടോ? ഇല്ലായിരിക്കാം.പക്ഷെ ചിന്തിക്കാതിരിക്കാൻ ആകുമോ?അപ്പോൾ നമുക്ക് ചിന്തിക്കാം.എന്തിനേ പറ്റി? നമ്മളെ പറ്റി. എന്ത്? ജന്മത്തെ പറ്റിയോ? കർമ്മത്തെ പറ്റിയോ?

ചിന്തിച്ചാൽ പരിഹാരം ആകുമോ? ഞാൻ മനസ്സിലാക്കിയടത്തോളം ഇല്ല. ഇതെല്ലാം ജീവിതത്തിൽ വന്നു പോകുന്നതാണ്‌. നമ്മൾക്കായി ഒന്നും ചെയ്യാൻ കഴിയില്ല.ഒരു നിയതി പോലെ ജീവിതത്തിൽ സംഭവിക്കുന്നതാണ് എല്ലാം. നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ തീരുമാനിച്ചത് പോലെ എല്ലാം നടന്നു എന്ന്. പക്ഷെ ഒന്ന് കൂടി ചിന്തിച്ചു നോക്കൂ? നിങ്ങളുടെ കയ്യിൽ ആയിരുന്നോ ഇതെല്ലാം?